07:20pm 07 November 2026
NEWS
‘കശ്മീരികളെ ജയിലിലടയ്ക്കണമെന്നാണോ ആ​ഗ്രഹിക്കുന്നത്?’ വന്ദേമാതരം വിവാദത്തിൽ കോൺഗ്രസിനെതിരെ ഒമർ അബ്ദുള്ള
11/09/2026  11:56 AM IST
nila
‘കശ്മീരികളെ ജയിലിലടയ്ക്കണമെന്നാണോ ആ​ഗ്രഹിക്കുന്നത്?’ വന്ദേമാതരം വിവാദത്തിൽ കോൺഗ്രസിനെതിരെ ഒമർ അബ്ദുള്ള

വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കുന്നതിനെച്ചൊല്ലി കോൺഗ്രസും സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസും തമ്മിൽ ഭിന്നത രൂക്ഷമാകുന്നു. കോൺഗ്രസ് മുന്നോട്ടുവച്ച നിർദേശത്തിനെതിരെ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള കടുത്ത വിമർശനവുമായി രംഗത്തെത്തി.

‘ഇതിന്റെ പേരിൽ കശ്മീരികളെ ജയിലിലടയ്ക്കണമെന്നാണോ കോൺഗ്രസ് ആഗ്രഹിക്കുന്നത്?’ എന്നായിരുന്നു ഒമർ അബ്ദുള്ളയുടെ നേരിട്ടുള്ള ചോദ്യം. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നത് സംബന്ധിച്ച് രാജ്യത്ത് നിലവിലുള്ള നിയമപരമായ വ്യവസ്ഥകൾ പാലിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീനഗറിൽ നടന്ന ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. ചടങ്ങിൽ ഗാനത്തിന്റെ മുഴുവൻ ഭാഗവും അവതരിപ്പിച്ചതിനെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പരസ്യമായി വിമർശിച്ചിരുന്നു.

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് വരികൾ മാത്രം ആലപിക്കുന്നതാണ് കോൺഗ്രസിന്റെ നിലപാടെന്നും സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസും ഇതേ നിലപാട് പിന്തുടരണമെന്നുമായിരുന്നു വേണുഗോപാലിന്റെ ആവശ്യം.

എന്നാൽ, ഔദ്യോഗിക ചടങ്ങുകളിലെ നടപടിക്രമങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒമർ അബ്ദുള്ള ഇതിനെ എതിർത്തത്. വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിക്കുന്നത് സംബന്ധിച്ച് രാജ്യത്ത് നിയമപരമായ ബാധ്യത നിലവിലുണ്ടെന്നും അത് ജമ്മു കശ്മീരിന് മാത്രം ബാധകമായ ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സർക്കാർ ചടങ്ങുകളിൽ പാലിക്കേണ്ട ഔദ്യോഗിക നടപടിക്രമമാണിത്. ഇത് പാലിക്കുന്നതിൽ വീഴ്ചയുണ്ടായാൽ നിയമനടപടികൾ നേരിടേണ്ടിവരാമെന്നും ഒമർ വ്യക്തമാക്കി.

നിയമം പാസാക്കുന്ന ഘട്ടത്തിൽ തന്നെ കോൺഗ്രസ് പാർലമെന്റിൽ ഇതിനെ എതിർക്കേണ്ടിയിരുന്നുവെന്നും ഇപ്പോൾ നിയമം നിലവിൽ വന്ന സാഹചര്യത്തിൽ അതൊരു നിയമപരമായ ബാധ്യതയായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇതേ നിയമം ബാധകമാണെന്നും ഒമർ ഓർമിപ്പിച്ചു.

അതേസമയം, വന്ദേമാതരം എന്ന ഗാനത്തോട് നാഷണൽ കോൺഫറൻസിനുള്ള രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും ഒമർ വ്യക്തമാക്കി. ‘ഒരു പാർട്ടി എന്ന നിലയിൽ ഞങ്ങൾ ഒരിക്കലും വന്ദേമാതരം സ്വീകരിച്ചിട്ടില്ല. ഭാവിയിലും അത് സ്വീകരിക്കില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നേരത്തെ എക്സിലൂടെയാണ് വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിച്ചതിനെ വിമർശിച്ചത്. സ്വാതന്ത്ര്യസമരകാലത്ത് രൂപപ്പെട്ട ഇന്ത്യയുടെ ബഹുസ്വരതയുടെയും സമന്വയത്തിന്റെയും മൂല്യങ്ങളുമായി ഗാനത്തിന്റെ പൂർണരൂപം പൊരുത്തപ്പെടുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

സഖ്യകക്ഷികളോട് സ്വാതന്ത്ര്യസമര സേനാനികൾ അംഗീകരിച്ച ഗാനത്തിന്റെ പതിപ്പ് മാത്രം ആലപിക്കാൻ വേണുഗോപാൽ അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒമർ അബ്ദുള്ളയുടെ കടുത്ത പ്രതികരണം പുറത്തുവന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img